അതിശക്തമായ മഴ: മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു, ജാഗ്രത വേണം.


കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത്.

 

 നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നദീ തീരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ/ജലാശയങ്ങളോട് ചേർന്ന റോഡുകളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

Next
This is the most recent post.
Previous
Older Post