മാലിന്യപരിപാലന നിയമങ്ങളുടെ ലംഘനം: ജൂണ്‍ മാസത്തിൽ കോട്ടയം ജില്ലയിൽ 1104 പരിശോധനകളിലായി 3,96500 രൂപ പിഴ ചുമത്തി.


കോട്ടയം: സംസ്ഥാനത്ത് പൊതുശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും.

 

 ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ  സംസ്ഥാനത്തുടനീളം സംയുക്തമായി 23,519 എൻഫോഴ്സ്മെന്റ് നടപടികളിലായി 1,10,54,785 രൂപ പിഴ ചുമത്തി. ഇതിൽ 49,17,340 രൂപ ഇതിനോടകം ഈടാക്കി. വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനകളിൽ 167.36 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. തദ്ദേശഭരണതലത്തിലെ സ്ക്വാഡുകൾക്കുപുറമേ ജില്ലാതലസ്ക്വാഡുകളും പരിശോധനകളിൽ പങ്കെടുത്തു. ജൂണ്‍ മാസത്തിൽ കോട്ടയം ജില്ലയിൽ 1104 പരിശോധനകളിലായി 3,96500 രൂപ പിഴ ചുമത്തി. 124570 രൂപ പിഴ ഇതുവരെ ഈടാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും വിതരണവും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ, അനധികൃത മാലിന്യ നിക്ഷേപം, മാലിന്യം കത്തിക്കൽ, അനുമതിയില്ലാത്ത മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പ്രവർത്തനം, ജലാശയങ്ങളിലെ  മാലിന്യം നിക്ഷേപം, കക്കൂസ് മാലിന്യം തള്ളൽ, ഉപഭോക്തൃ ഫീസ് നല്‍കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഏറ്റവും കൂടുതൽ എൻഫോഴ്സ്മെന്റ് നടപടികൾ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 9,475 നടപടികളിലൂടെ 41,36,105 രൂപ പിഴ ചുമത്തി. തൃശൂർ (2,190), കണ്ണൂർ (1,756), ആലപ്പുഴ (1,504), എറണാകുളം (1,503), തിരുവനന്തപുരം (1,340) എന്നീ ജില്ലകളിലും വ്യാപക പരിശോധനകൾ നടന്നു. ഏറ്റവും കൂടുതൽ പിഴ തുക ഈടാക്കിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 13,65,320 രൂപ പിഴ ചുമത്തിയതിൽ 9,89,200 രൂപയും ഈടാക്കാൻ സാധിച്ചു. മലപ്പുറം, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളും പിഴ ഈടാക്കുന്നതിൽ മുന്നിലാണ്. പരിശോധനകളും നിയമനടപടികളും വരും മാസങ്ങളിലും തുടരും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും കർശന നിരീക്ഷണമുണ്ടാകും. നിയമലംഘനങ്ങളുടെ വീഡിയോ. ഫോട്ടോ എന്നിവ  വ്യക്തിയെയോ വാഹനത്തെയോ തിരിച്ചറിയാൻ കഴിയുംവിധം പൊതുജനങ്ങള്‍ക്ക് 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാൻ സൗകര്യമുണ്ട്.    അതിൻമേൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പിഴയീടാക്കുമ്പോൾ  പിഴത്തുകയുടെ 25% പാരിതോഷികമായി വിവരം നല്കിയ വ്യക്തിക്ക് ലഭിക്കും. സംസ്ഥാനത്തെ സുസ്ഥിര മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന്  ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അറിയിച്ചു.