കോട്ടയം ജില്ലയിൽ കനത്ത മഴ; ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

 

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായും തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ മഴ ശക്തമാണെങ്കിലും നിലവിൽ മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.