കോട്ടയം: കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത്.

ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന(40), മകൾ മരിയ തെരേസ(16) എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ടത്തോടെ ആത്മഹത്യാശ്രമം നടത്തിയത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു നാല് പേരും. ചികിത്സയിലിരിക്കെ ഇന്നലെ അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജോബിയുടെ നിലയും അതീവ ഗുരുതരമാണ്. മകൾ മരിയ തെരേസ മറ്റക്കര എന്‍എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. ഇരുവരുടെയും സംസ്‌കാരം പിന്നീട് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടക്കും.
