യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കുടുംബ ബജറ്റ് ക്രമപ്പെടുത്താം, സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമെന്നു വനിതാ യാത്രക്കാർ, ആദ്യദിനത്ത


കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു. ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത്.

 

 ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ. വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന നിമിഷമാണെന്നും, സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്നും ദൈനംദിന ചെലവിൽ ഒരു തുക മിച്ചം പിടിക്കാനാകുമെന്നും വനിതാ യാത്രക്കാർ പ്രതികരിച്ചു. യാത്രായിനത്തിൽ ലാഭിക്കാൻ സാധിക്കുന്ന തുകയിൽ കുടുംബ ബജറ്റ് ഒന്നുകൂടി ക്രമപ്പെടുത്താൻ സാധിക്കുമെന്നും വനിതാ യാത്രക്കാർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും കൂലിപ്പണിക്കായി പോകുന്നവർക്കും പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരുപാട് ആശ്വാസമാകുമെന്നും യാത്രക്കാർ പറയുന്നു. ദിവസേന ഈ ഇനത്തിൽ ഒരു തുക ലഭിക്കാനാകുന്നത് വലിയ കാര്യമാണെന്നും സർക്കാരിന്റെ ഈ പദ്ധതി അഭിമാനകരമാണെന്നും വനിതാ യാത്രക്കാർ പറയുന്നു. സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി 'പ്രിയദര്‍ശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിച്ചിരിക്കുന്നത്.