റബര്‍ ബോര്‍ഡിന് പുതിയ സാരഥി: ബിജെപി നേതാവ് എൻ ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു, റബ‍ർ ബോർഡിന്‍റെ തലപ്പത്ത് എത്തുന്ന രണ്ടാ


കോട്ടയം: ബിജെപി നേതാവ് എൻ ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി.

 

 റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. മുൻപ് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും കെ.പി.സി.സി. അധ്യക്ഷനും പിന്നീട് മധ്യപ്രദേശ് ഗവര്‍ണ്ണറുമായിരുന്ന പാലാ സ്വദേശിയായ കെ.എം. ചാണ്ടിയായിരുന്നു റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവ്. റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബോർഡിന്‍റെ തലപ്പത്ത് ഒരു ബിജെപി നേതാവ് എത്തുന്നത് എന്ത് മാറ്റം കൊണ്ടുവരും എന്ന ആകാംക്ഷയിലാണ് റബ്ബർ കർഷകർ. ഡോ. സവാര്‍ ധനാനിയ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബോര്‍ഡിന് ചെയർമാൻ ഉണ്ടായിരുന്നില്ല. സാധാരണയായി ഐഎഎസ് ഉദ്യോഗസ്ഥരോ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരോ ആയിരുന്നു ഇത്തരം പദവികളിലേക്ക് എത്തിയിരുന്നത്. കേരളത്തിനു നല്‍കിയ അഭിമാനാർഹമായ വലിയ അംഗീകാരത്തിന് അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണന്നും റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എന്‍.ഹരി പറഞ്ഞു. പള്ളിക്കത്തോട് തെക്കേപ്പറമ്പില്‍ നാരായണന്‍ നായരുടെയും സരസമ്മയുടെയും മകനാണ്. ഭാര്യ : സന്ധ്യ, മക്കള്‍: അമൃത,സംവൃത. അതേസമയം റബർ ബോർഡിലും കാവിവൽക്കരണം നടപ്പിലാക്കുകയാണ് കേന്ദ്രം എന്നും റബർ കർഷകരെയും റബർ അധിഷ്ഠിത പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കുന്ന നീക്കമാണ് കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നത് എന്നും ഇടതുപക്ഷം വിമർശിക്കുന്നുണ്ട്.