സ്‌കൂബാ ടീമിനെ കാത്തു നിന്നില്ല, മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കേരളാ ഗവർണറുടെയും ജ


വാകത്താനം: മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കേരളാ ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം.

 

 വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോട്ടയം മള്ളൂശ്ശേരി സ്വദേശിയായ പ്രതീഷ് പ്രസാദിനാണ് ഗവർണറും ജില്ലാ പോലീസ് മേധാവിയും അനുമോദനപത്രം നൽകി ആദരിച്ചത്. അപൂർവ്വമായി മാത്രമാണ് ഗവർണർ അനുമോദന പത്രം നൽകുന്നത്. കഴിഞ്ഞ മാസം അവസാനമായിരുന്നു സംഭവം. മൂന്നു ദിവസമായി കാണാതായയാളുടെ മൃതദേഹം വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയെങ്കിലും ആഴക്കൂടുതലുള്ള തോട്ടിൽനിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന ആവശ്യത്തിലായിരുന്നു അഗ്നിരക്ഷാ സേന. ഇതോടെ മൃതദേഹം കരയ്ക്കടുപ്പിക്കാൻ താമസിക്കുമെന്നു മനസ്സിലാക്കിയതോടെ പ്രതീഷ് യൂണിഫോം ഊരി തോട്ടിൽ ഇറങ്ങി മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതീഷിനെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നു.