വടവാതൂർ ഡംപ്‌സൈറ്റിൽ നടപ്പിലാക്കി വരുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ വിലയിരുത്തി.


കോട്ടയം: വടവാതൂർ ഡംപ്‌സൈറ്റിൽ നടപ്പിലാക്കി വരുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിലയിരുത്തി.

 

 വർഷങ്ങളായി പ്രദേശത്തിന് വെല്ലുവിളിയായി നിലനിന്നിരുന്ന ലെഗസി മാലിന്യ കൂമ്പാരം ശാസ്ത്രീയമായി സംസ്കരിച്ച് ഭൂമി പുനരുപയോഗയോഗ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. നിലവിൽ ഏകദേശം 50 ശതമാനം ബയോമൈനിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി പൂർണതയിലെത്തുന്നതോടെ മൂന്ന് ഏക്കറിലധികം ഭൂമി വീണ്ടെടുക്കാൻ സാധിക്കും. ഭാവിയിൽ കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള പൊതുസൗകര്യ വികസന പദ്ധതികൾ ഈ സ്ഥലത്ത് നടപ്പിലാക്കി പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുകയാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.