വൈക്കം: പകർച്ചപ്പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന രോഗബാധിതർക്ക് ആവശ്യമായ മരുന്ന് നൽകാൻ പണമില്ലാതെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം.

പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് മരുന്ന് വാങ്ങാൻ പണം ലഭിക്കാതായതിന്റെ കാരണം. ചികിത്സ തേടിയെത്തുന്നവർ പുറത്തു നിന്നും മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ജീവിതശൈലിരോഗങ്ങൾക്കടക്കമുള്ള മരുന്നുകളും ആൻറിബയോട്ടിക്ക് മരുന്നുകളുമാണ് മറവന്തുരുത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി കിട്ടാതായത്. വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും എച്ച്എംസി ഫണ്ടിൽ നിന്നുമാണ് ഇടയ്ക്കെല്ലാം മരുന്ന് ക്രമീകരിച്ചിരുന്നത്. അതേസമയം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ആറ് മാസത്തെ ശമ്പളവും മുടങ്ങി. താൽക്കാലിക ജോലിചെയ്യുന്ന ഒരു ഡോക്ടർക്കും ഫാർമസിസ്റ്റിനും പാലിയറ്റീവ് നഴ്സിനും ഡ്രൈവർക്കും ആണ് ശമ്പളം ലഭിക്കാനുള്ളത്. തദ്ദേശ സ്വയംഭരണവകുപ്പിൽനിന്ന് പ്ലാൻഫണ്ടുകൾ യഥാസമയം ലഭ്യമാകാത്തതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമായതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മരുന്ന് ലഭ്യത എത്രയും വേഗം ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
