പാലാ: പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളായി ഇത് ശെരി വയ്ക്കുന്ന സംഭവ വികാസങ്ങളാണ് നഗരസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായുള്ള പരാതിയാണ് ഇപ്പോൾ രംഗത്തുള്ളത്.

വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപിച്ചു ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പാലാ ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകി. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ്സും തമ്മിലുള്ള അകൽച്ച വ്യക്തമായിരിക്കുകയാണ്. ഓഫീസിൽ നിന്നും മൂന്നുമണിയോടുകൂടി ഊണുകഴിക്കാനായി വീട്ടിലേക്ക് പോയ സമയത്താണ് നഗരസഭാ കൗൺസിലർ ബിജു മാത്യൂസും പൊലീസുകാർ എന്ന് പറഞ്ഞു മൂന്നുപേരും ചെയർപേഴ്സൺന്റെ ചേംബർ തന്നെയോ നഗരസഭാ സെക്രട്ടറിയെയോ അറിയിക്കാതെ പ്യൂണിനെക്കൊണ്ട് തുറപ്പിച്ചതായും പരിശോധന നടത്തിയതായും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞു 5:40 ഓഫീസിൽ തിരികെയെത്തി പരിശോധിച്ചപ്പോൾ തന്റെ വിലപിടിപ്പുള്ള വാച്ചും നഗരസഭയുടെ സുപ്രധാന ഫയലും നഷ്ടമായതായി അറിയുകയായിരുന്നു എന്നും ദിയ പരാതിയിൽ പറയുന്നു. ഇതോടെ പാലാ നഗരസഭയിലെ ഭരണസമിതിയിൽ യുഡിഎഫിനുള്ളിൽ തർക്കം രൂക്ഷമാകുകയാണ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം,കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം,ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ യുഡിഎഫ് വിടാനൊരുങ്ങുകയാണ് എന്നും ശ്രുതിയുണ്ട്. മോഷണവും കയ്യേറ്റവും ആരോപിച്ച് കൗൺസിലർമാർ തമ്മിൽ പോരടിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് നഗരസഭാ ഭരണമാണ്. ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം. സംഭവം രമ്യമായി പരിഹരിക്കാനും തീരുമാനമെടുക്കാനുമായി പാലായിൽ ഉടനെ തന്നെ യുഡിഎഫ് യോഗം ചേരുന്നുണ്ട്.
