പാലാ: നഗരസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റത് മുതൽ തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ് എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം. പാലാ നഗരസഭയിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളായ തങ്ങൾ ഇല്ലെന്നും ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താല്പര്യമില്ലെന്നും ആരോപണ പ്രത്യാരോപണങ്ങൾക്ക് മറുപടിയായി ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഭരണത്തിൽ പിഴവുണ്ടെന്നു വരുത്തിത്തീർക്കാനാകാം ചേമ്പറിൽ അതിക്രമിച്ചു കയറി ഫയൽ മോഷ്ടിച്ചതിന് കാരണമെന്നു നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ രേഖാമൂലം കത്ത് നല്കട്ടെയെന്നും ആ നിമിഷം തന്നെ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെയർപേഴ്സൺ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. നിർണായക ഫയലാണ് മോഷണം പോയതെന്നും തന്റെ ചേമ്പറിൽ അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനു കൗൺസിലർ ബിജു മാത്യുസിനെതിരെ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ടെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ബിനു പുളിക്കക്കണ്ടം തന്നെ മർദിച്ചെന്ന് ആരോപിച്ച് ബിജു മാത്യൂസ് രംഗത്തെത്തിയിരുന്നു. ബിജു മാത്യൂസിനെതിരെ മോഷണ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്ത് എത്തിയതോടെ പാലാ നഗരസഭയിലെ യുഡിഎഫിനുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
