പാലാ: പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ ഐജ ആർ മഹേഷ് (19) ആണ് മരിച്ചത്.

പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സഹപാഠികളാണ് കണ്ടത്. കുട്ടികൾ വിവരമറിയിച്ചതനുസരിച്ചു ഹോസ്റ്റൽ അധികൃതർ കുരുക്കഴിച്ച് താഴെയിറക്കുകയായിരുന്നു. ഈ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്ന് ആരോപണം ഉയരുന്നുണ്ട്. വിദ്യാർത്ഥിനി പഠനം തുടരാൻ താത്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നതായും വിവരമുണ്ട്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
