സംസ്ഥാനത്ത് കാലവർഷം എത്തി, എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്!


തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നതായും മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ, കൊങ്കൺ-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തെലങ്കാനയ്ക്കും അതിനോട് ചേർന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. ജൂൺ 4 മുതൽ 8 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 4 മുതൽ 8 വരെ തീയതികളിൽ  ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.