യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ നൽകിയ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപ!


കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു. പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ്.

 

 ഫാസ്റ്റ്,സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട്. ഇതോടെ മറ്റു ക്‌ളാസ് ബസ്സുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട്. പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ ആരംഭിച്ചത് മുതൽ ഇതുവരെ ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ നൽകിയ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപയാണ്. ഏറ്റവും കൂടുതൽ വനിതകൾ യാത്ര ചെയ്തത് വൈക്കം കെഎസ്ആർടിസി ഡിപ്പോയിലാണ്. 18.96 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റാണ് വൈക്കം ഡിപ്പോയിൽ നിന്നും നൽകിയത്. 87380 വനിതകളാണ് ഇതുവരെ വൈക്കം ഡിപ്പോയിൽ നിന്നും യാത്രയ്ക്കായി കെഎസ്ആർടിസി ബസ്സുകളെ ആശ്രയിച്ചത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ 10.55 ലക്ഷം രൂപയാണ് സീറോ ടിക്കറ്റ് വാല്യൂ. 49213 വനിതാ യാത്രക്കാരാണ് കോട്ടയം ഡിപ്പോയിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. ചങ്ങനാശ്ശേരി ഡിപ്പോയിൽ 56586 യാത്രക്കാർക്കായി 10.31 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു. പൊൻകുന്നത്ത് 48774 യാത്രക്കാർക്കായി 10.62 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ടയിൽ 49000 വനിതാ യാത്രക്കാർക്കായി 10 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു. പാലായിൽ 35000 യാത്രക്കാർക്കായി വിതരണം ചെയ്തത് 7 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ ആണ്. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ശരാശരി വനിതാ യാത്രക്കാരുടെ എണ്ണം കെഎസ്ആർടിസി കണക്കെടുത്തിരുന്നെങ്കിലും ഇപ്പോൾ അതിലും ഇരട്ടിയോളം വനിതാ യാത്രക്കാരാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്നത്. ദിവസവരുമാനക്കാരായ വനിതകൾക്കും സാധാരണക്കാർക്കും പദ്ധതി കൂടുതൽ പ്രയോജനകരമാകുമ്പോഴും സ്വകാര്യ ബസ്സുകളിലും കെഎസ്ആർടിസിയുടെ ഫാസ്റ്റ് അടക്കമുള്ള ബസ്സുകളിലും യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട്. അതേസമയം കൂടുതൽ വനിതാ യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്താൻ ആരംഭിച്ചതോടെ കൂടുതൽ സർവ്വീസുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.