കോട്ടയം: കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25,000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25,000 രൂപ പിഴ ചുമത്തി താൽക്കാലികമായി പൂട്ടിച്ചത്. ഭക്ഷ്യവിഷബാധ ചൂണ്ടിക്കാട്ടി നഗരസഭക്കും പൊൻകുന്നം പൊലീസ് സ്റ്റേഷനിലും പൊൻകുന്നം സ്വദേശിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി കുറ്റകരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിഴ ചുമത്തി താത്കാലികമായി അടപ്പിച്ചത്. ജൂൺ 20 ശനിയാഴ്ച ഉച്ചക്കാണ് പരാതിക്കിടയായ സംഭവം നടന്നത്. പൊൻകുന്നം തമ്പലക്കാട് സ്വദേശിനിയായ പുത്തൂർവീട്ടിൽ പി.ജെ. ഷീലാ കുമാരി, സുജ സന്തോഷ്, സരള രാഘവൻ, മോളികുട്ടി മോഹൻ, ഷൈലജ പൊന്നപ്പൻ എന്നിവർ ശിവഗിരി മഠത്തിന്‍റെ ഭാഗമായ ഗുരുധർമ പ്രചാരണസഭയുടെ പോഷക സംഘടനയായ മാതൃസഭയുടെ കോട്ടയം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇവർ 5 പേരും ഈ ഹോട്ടലിൽ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചത്. തുടർന്ന് ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇവരിൽ ഷീലാ കുമാരി പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലാണ് മറ്റുള്ള 4 പേര് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീടുകളിൽ വിശ്രമത്തിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണി ഇവർ പൊൻകുന്നം പോലീസിലും കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി നൽകിയത്. ശുചിത്വ പരിപാലന നിബന്ധനകളിൽ 12 എണ്ണം പാലിച്ചില്ലെന്ന് വെള്ളിയാഴ്ച ഹോട്ടൽ ഉടമക്ക് നഗരസഭ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂനതകൾ ഏഴ് ദിവസത്തിനകം പരിഹരിച്ച് രേഖാമൂലം ഒാഫിസിൽ അറിയിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി. കൂടാതെ, ഹോട്ടലിൽ അവശേഷിച്ച ആഹാര സാധനങ്ങൾ ഉടമയെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു.
