കോട്ടയം: മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്)പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു.

ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധികം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകി. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത്. നാനൂറോളം പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂൾ-കോളേജുകളിലും പോലീസ് സ്റ്റേഷനുകളിലും കെ ഫോൺ കണക്ഷനുകളുണ്ട്. വിവിധ സബ് സബ്‌സ്‌റ്റേഷനുകളിൽ കെ ഫോണിന്റെ നെറ്റ്‌വർക്കിങ് റൂം പ്രവർത്തിക്കുന്നുണ്ട്. കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പ്, കെ ഫോൺ വെബ്‌സൈറ്റ്, ടോൾഫ്രീ നമ്പറായ 18005704466 എന്നിവ വഴി രജിസ്റ്റർ ചെയ്യാം.
