കോട്ടയം: കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം സമ്മാനിച്ചു നോക്കെത്താത്ത ദൂരത്തോളം കൗതുക വിസ്മയ കാഴ്ചകൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുകയാണ്. കോട്ടയം പള്ളം വാലേക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

ഈ വിസ്മയ കാഴ്ചകൾ കാണാൻ അതിരാവിലെ തന്നെയെത്തണം. കാഴ്ചകൾ കാണാനും വള്ളത്തിൽ ആമ്പൽപ്പൂക്കളെ തൊട്ടു തലോടി യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും നിരവധിപ്പേരാണ് എത്തുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ദൂരെ നിന്നും സഞ്ചാരികൾ കാഴ്ചകൾ തേടി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരസഭ 33 –ാം വാർഡ് പള്ളം വാലേക്കടവിലുള്ള തൊള്ളായിരം പാടത്തെ 320 ഏക്കറിലാണ് ആമ്പലുകൾ വിടർന്ന് വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നത്. മലരിക്കലിനും അമ്പാട്ടുകടവിനും കൊല്ലാട് കിഴക്കുപുറത്തും വിസ്മയം തീർത്ത കാഴ്ചകൾ, ഇപ്പോൾ പള്ളം വാലേക്കടവിലെ ആമ്പൽ കാഴ്ചകൾ കാണാനായി നിരവധിപ്പേരാണ് എത്തുന്നത്. സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ഇപ്പോൾ മലരിക്കൽ മാതൃകയിൽ ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. കേരളത്തിന് പുറത്തു നിന്നുമുള്ള സഞ്ചാരികളും ആമ്പൽ കാഴ്ചകൾ കാണാനായി ഇവിടെ എത്തുന്നത്. കൃഷിക്കുശേഷം വെള്ളം കയറ്റിയ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പാടങ്ങളിലാണ് മനോഹര കാഴ്‌ച. ആഗസ്‌തിൽ വെള്ളം വറ്റിച്ച് കൃഷിക്ക് നിലം യോഗ്യമാക്കി കഴിയുന്നതോടെ ഈ കാഴ്ചകൾ അവസാനിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് പ്രധാനമായും ഈ പൂക്കൾ വിരിയുന്നത്.
എത്തേണ്ട വഴി: കോട്ടയം ചങ്ങനാശേരി (എംസി റോഡ്) ബസിൽ കയറി പള്ളം പോസ്‌റ്റോഫീസ് പടിക്കൽ ഇറങ്ങണം. അവിടെ നിന്ന് ഒരു കിലോമീറ്റർ വാലേക്കടവ് (പള്ളം പാടം).
ചിത്രം:സോഷ്യൽമീഡിയ.
