പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.


കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു. ഉത്‌ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

 

 ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു. രാവിലെയും വൈകിട്ടുമുള്ള ബസ്സുകളിലാണ് ഇപ്പോൾ വനിതാ യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുന്നത്. ദിവസേന ജോലി സ്ഥലത്തേക്ക് പോകാനും തിരികെ വീട്ടിലേക്കും ഇപ്പോൾ വനിതകൾ കൂടുതലായി കെഎസ്ആർടിസി ബസ്സിനെ ആശ്രയിച്ചു തുടങ്ങി. ആദ്യദിനം വൈകിയാണ് സർവീസുകളിൽ സൗജന്യം ലഭ്യമായി തുടങ്ങിയതെങ്കിലും ആദ്യ ദിനത്തിലും കൂടുതൽ യാത്രക്കാർ രണ്ടാം ദിനമായ ഇന്നലെയുണ്ടായിരുന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് വൈക്കം കെഎസ്ആർടിസി ഡിപ്പോയിലാണ്. 9312 വനിതാ യാത്രക്കാരാണ് ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത്. ഇവർക്കായി 1.93 ലക്ഷം രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. 4642 വനിതായാത്രക്കാരാണ് കോട്ടയം ഡിപ്പോയിലെ ബസ്സുകളിൽ യാത്ര ചെയ്തത്. 96343 രൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. ചങ്ങനാശ്ശേരിയിൽ 1500 വനിതാ യാത്രക്കാരാണ് സൗജന്യ യാത്രാ സേവനം പ്രയോജനപ്പെടുത്തിയത്. ഇവർക്കായി 1.20 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് നൽകിയത്. പാലായിൽ 2509 വനിതാ യാത്രക്കാരും ഈരാറ്റുപേട്ടയിൽ 4167 വനിതാ യാത്രക്കാരുമാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്തത്. പാലായിൽ 50846 രൂപയുടെയും ഈരാറ്റുപേട്ടയിൽ 92370 രൂപയുടെയും സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തു. എരുമേലിയിൽ 2280 വനിതകളാണ് യാത്ര ചെയ്തത്. 54000 രൂപയുടെ സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. പൊൻകുന്നത്ത് നാലായിരത്തോളം വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്.