കോട്ടയം: നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ.

വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സംഭവത്തിൽ ഐജയുടെ നാടായ കാസര്‍കോട് ശക്തമായ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയിരുന്നു. കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ മഹേഷ്-രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷ് (19) ആണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച് ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഫാനിൽ തൂങ്ങിയ നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് പഠനം തുടരാൻ താത്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നതായും ഇക്കാര്യം മാതാപിതാക്കൾ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ മാനേജ്‌മെന്റിനെ അറിയിച്ചതായും, എന്നാൽ ഇക്കാര്യം മാനേജ്‌മെന്റ് വേണ്ടത്ര ഗൗരവമായി എടുക്കുകയോ കുട്ടിയെ ശ്രദ്ധിക്കുകയോ ചെയ്യാഞ്ഞത് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴചയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുറ്റപ്പെടുത്തി. മാതാപിതാക്കൾ കോട്ടയത്തു എത്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിതാവ് മഹേഷ് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരണമെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടക്കാനിരിക്കെ പരീക്ഷാ തയ്യാറെടുപ്പിനായാണ് വിദ്യാർഥിനി 2026 മേയ് 26 ന് പാലായിൽ പരിശീലന കേന്ദ്രത്തിൽ എത്തിയത്. നീറ്റ് പരീക്ഷ റദ്ധാക്കിയതും വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതും വിദ്യാർത്ഥിനിയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചിരിക്കാം. പാലാ ബ്രില്ല്യന്റ് പോലെയുള്ള വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള നിരവധി വിദ്യാർത്ഥികൾകളെ പരീക്ഷകൾക്ക് തയ്യാറാക്കി മികച്ച മാർക്ക് നേടാൻ സഹായിച്ചിട്ടുള്ള സ്ഥാപനത്തിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തുടനീളം എസ്എഫ്ഐ കടുത്ത പ്രതിഷേധ പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
