വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സ‍ൗജന്യം: കോട്ടയം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം, ജില്ലയിൽ 7 ഡിപ്പോകളിലായി സർവ്വീ


കോട്ടയം: ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയുടെ പ്രയോജനം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം.

 

 ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല. തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. കോട്ടയം ജില്ലയിൽ 7 ഡിപ്പോകളിലായി ഓർഡിനറി സർവ്വീസ് നടത്തുന്നത് 140 ബസ്സുകൾ മാത്രമാണ്. വൈക്കം ഡിപ്പോയിൽ 34, കോട്ടയം ഡിപ്പോയിൽ 22, ചങ്ങനാശേരി ഡിപ്പോയിൽ 21, പൊൻകുന്നം ഡിപ്പോയിൽ 21, ഇ‍ൗരാറ്റുപേട്ട ഡിപ്പോയിൽ 18, പാലാ ഡിപ്പോയിൽ 13, എരുമേലി ഡിപ്പോയിൽ 13 എന്നിങ്ങനെയാണ്‌ ജില്ലയിലെ ഡിപ്പോകളിലെ ഓർഡിനറി ബസ്സുകളുടെ എണ്ണം. ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌,ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസ്സുകളാണ് ജില്ലയിൽ കൂടുതലായും സർവ്വീസ് നടത്തുന്നത്. സ്‌ത്രീകൾക്ക്‌ എല്ലാ കെഎസ്‌ആർടിസി ബസ്സിലും സ‍ൗജന്യയാത്ര എന്നായിരുന്നു യുഡിഎഫ്‌ പ്രഖ്യാപനം. എന്നാൽ പിന്നീട് ഇത് ഓർഡിനറി സർവ്വീസിൽ മാത്രമാക്കി ചുരുക്കുകയായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ല എന്നുള്ളതാണ് ഈ സൗജന്യ യാത്രയിൽ ജില്ലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതോടൊപ്പം വിവിധ ഗ്രാമീണ മേഖലകളിലേക്കുള്ള റൂട്ടുകളിലും കെഎസ്‌ആർടിസി ഓർഡിനറി സർവ്വീസ് പരിമിതമാണ്. ഗ്രാമീണ മേഖലകളിലുൾപ്പടെ ഓർഡിനറി സർവ്വീസുകൾ വളരെയധികം കുറവാണ്. ഈ മേഖലയിൽ ജോലിക്കാരുൾപ്പടെ പ്രതിദിന യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. ജില്ലയിൽ 332 സർവീസുകളാണ് നടത്തുന്നത്. 20 ശതമാനം ബസുകൾ മാത്രമാണ് നിലവിൽ ജില്ലയിൽ ഓർഡിനറി സർവ്വീസ് നടത്തുന്നത്. എരുമേലി, പാലാ, ഇ‍ൗരാറ്റുപേട്ട ഡിപ്പോകളിലാണ്‌ ഓർഡിനറി സർവീസ്‌ കുറവ്‌. വൈക്കത്താണ്‌ സർവീസ്‌ കൂടുതലുള്ളത്‌. കോട്ടയം ഡിപ്പോയിൽ 22 ബസ്സുണ്ടെങ്കിലും 20 ബസ്സാണ്‌ സർവീസ്‌ നടത്തുന്നത്‌. കോട്ടയം–കുമരകം റൂട്ടിൽ കോണത്താറ്റ് പാലം പൊളിക്കുന്നതിനു മുൻപു വരെ 23 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ വെറും 4 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കോട്ടയം–അയർക്കുന്നം–മറ്റക്കര, കോട്ടയം-പാമ്പാടി–പങ്ങട–കൂരോപ്പട, മെഡിക്കൽ കോളജ്–മണിയാപറമ്പ്, കോട്ടയം–പരിപ്പ്, കോട്ടയം–കഞ്ഞിക്കുഴി–ഞാലിയാകുഴി-ചങ്ങനാശേരി, കോട്ടയം–പുതുപ്പള്ളി, കോട്ടയം–മീനടം, കോട്ടയം– റാന്നി, കോട്ടയം–ഓണംതുരുത്ത്, പൊൻകുന്നം–പള്ളിക്കത്തോട്, മുണ്ടക്കയം–ഇളംകാട്, പാലാ-അയർക്കുന്നം–കോട്ടയം, തിടനാട്–ഭരണങ്ങാനം, ഏറ്റുമാനൂർ–കടപ്പൂർ, ഏറ്റുമാനൂർ–മാടപ്പാട് അയർക്കുന്നം, വൈക്കം–വെള്ളൂർ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത റൂട്ടുകൾ ആണ്. ഇതോടൊപ്പം പരിമിതമായ സർവ്വീസ് നടത്തുന്ന ഗ്രാമീണ മേഖലകളും ജില്ലയിലുണ്ട്. ഈ മേഖലയിലുള്ള സ്ത്രീകൾക്കും യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഓർഡിനറി സർവ്വീസുകൾ ലഭ്യമല്ലാത്തതിനാൽ പദ്ധതിയുടെ പ്രയോജനം കൂടുതലായി ലഭ്യമാകില്ല. മുണ്ടക്കയം-ഇളംകാട്, മുണ്ടക്കയം-കോരുത്തോട് മേഖലകളിലും കൂടുതലും യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. യാത്രക്കാരുൾപ്പടെയുള്ള പ്രതിദിന യാത്രക്കാരായ സ്ത്രീകളുടെ യാത്ര ചെലവ് ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്ന ആശ്വാസകരമായ പദ്ധതിയാണ് ഇത്. പക്ഷെ ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം സ്ത്രീ യാത്രക്കാർക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.