ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു. ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം.

എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇപ്പോഴും അപേക്ഷ നൽകി പുതുക്കിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ പത്താം തീയതി പുതുക്കി ലഭിച്ചെന്നും ഗിരീഷ് പറഞ്ഞു. അതേസമയം കോടതി ഉത്തരവ് മാത്രമായി ബസ്സ് സർവ്വീസ് നടത്താൻ സാധിക്കില്ലെന്നും ബസ്സ് സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് ആവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാനായി അപേക്ഷ നൽകി ഫീസ് അടയ്ക്കണമെന്നും പെർമിറ്റില്ലാതെ ബസ്സ് സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ട് മണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു. കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നല്‍കാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. എന്നാൽ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നതെന്നും ഗിരീഷ് പ്രതികരിച്ചു. റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍, കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാല്‍ മാത്രമാണ് പെർമിറ്റ് നല്‍കാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നല്‍കി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു. മുൻപ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും എൽഡിഎഫ് സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നിരിക്കെ തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി വകുപ്പ് റോബിന്‍ ബസിന് നിരവധി തവണ പിഴയിട്ടിരുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വജ്ര ബസ് ആണ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്.
