ഈരാറ്റുപേട്ട: റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ്. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു.

ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം. റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വജ്ര ബസ് ആണ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. കോടതിയിൽ നിന്നും ലഭിച്ച ഉത്തരവ് കഴിഞ്ഞ 16 നു നല്കിയതാണെന്നും ഇതുവരെ ആർ ടി ഓ ഇതുവരെ എഴുതി നൽകിയിട്ടില്ല എന്നും ഗിരീഷ് പറഞ്ഞു. പെർമിറ്റ് പേപ്പർ ലഭിക്കാനായി പല തവണ ഓഫീസ് കയറിയിറങ്ങിയതന്നെന്നും പെർമിറ്റ് ഇല്ലെന്നാരോപിച്ച് ബസ്സ് പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു. പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല എന്നും ചെക്ക് റിപ്പോർട്ട് എഴുതി നോട്ടീസ് നൽകി പെർമിറ്റ് കാണിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ഇതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും പക തീർക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇപ്പോഴും അപേക്ഷ നൽകി പുതുക്കിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ പത്താം തീയതി പുതുക്കി ലഭിച്ചെന്നും ഗിരീഷ് പറഞ്ഞു. അതേസമയം കോടതി ഉത്തരവ് മാത്രമായി ബസ്സ് സർവ്വീസ് നടത്താൻ സാധിക്കില്ലെന്നും ബസ്സ് സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് ആവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാനായി അപേക്ഷ നൽകി ഫീസ് അടയ്ക്കണമെന്നും പെർമിറ്റില്ലാതെ ബസ്സ് സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പെർമിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാല്‍ മാത്രമാണ് പെർമിറ്റ് നല്‍കാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നല്‍കി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. എന്നാൽ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നതെന്നും ചിലപ്പോൾ രണ്ട് മാസം ചിലപ്പോൾ അതില്കൂടുതൽ എന്നിങ്ങനെയാണ് കോടതിയിൽ നിന്നും ബസ്സ് സർവ്വീസ് നടത്താനായി ഉത്തരവ് പുതുക്കി ലഭിക്കുന്നതെന്നും അപ്പോഴെല്ലാം കൃത്യമായി എല്ലാ തവണയും കോടതി ഉത്തരവിന്റെ പകർപ്പും പെർമിറ്റിനുള്ള അപേക്ഷയും ആർ ടി ഓ ഓഫീസിൽ നല്കാറുണ്ടെന്നും ഗിരീഷ് പ്രതികരിച്ചു. എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം റോബിൻ ബസ്സ് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ബസ്സ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലടക്കം വാദപ്രതിവാദങ്ങൾ കനക്കുകയാണ്.
