കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും. ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ്.

കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക്കിനെയും പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി-കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. സുഹൃത്തുക്കളിൽ ഒരാൾ കള്ളും ഭക്ഷണവും ഇവിടെ നിന്നും പാർസൽ വാങ്ങി ബോട്ടിൽ ഇരുന്നു ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയ്ക്ക് മീൻതലക്കറിയാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഏഴ് പേരിൽ ജ്യോതിഷ് മരിക്കുകയും ആറുപേർ ചികിത്സയിൽ തുടരുകയുമാണ്. മൂന്നര വർഷങ്ങൾക്ക് മുൻപാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു യുവതി മരണപ്പെട്ടത്. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫിസറും കോട്ടയം കിളിരൂർ സ്വദേശിനിയുമായ രശ്മി രാജ് (33) ആണ് മരിച്ചത്. 2023 ജനുവരി ആദ്യമാണ് മരണം സംഭവിച്ചത്. കോട്ടയം സംക്രാന്തിയിലെ ഹോട്ടളിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹോട്ടലിൽ നിന്നും അൽഫാം ഭക്ഷണം കഴിച്ച 21 പേർക്കോളം അന്ന് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. രശ്മിയുടെ മരണത്തിൽ ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക്കിനെയും പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷ്യവിഷബാധയ്ക്ക് മീൻതലക്കറിയാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കറിയിൽ ഉപയോഗിച്ച ചേരുവകളുടെ 22 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് അയച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് ആരംഭിച്ചു. ലൈസൻസിയായ ഏറ്റുമാനൂർ സ്വദേശി ലേഖ ബാബു ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഷാപ്പിൽ വിതരണം ചെയ്ത കള്ളിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പൊലീസും എക്സൈസും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഷാപ്പിന്റെ പ്രവർത്തനമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജ്യോതിഷിൻറെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം കൃത്യമായ പരിശോധനകൾ നടത്തുമ്പോഴും ഇത്തരം സംഭവങ്ങൾ ഭീതിയുയർത്തുന്നുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരവും പാകം ചെയ്യുന്ന ചുറ്റുപാടുകളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മായം കലർന്നതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ ഹോട്ടലുകളിലും ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലുമുണ്ടോ എന്ന് കൃത്യമായി പരിശോധന നടത്തണം.
