എരുമേലി: എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി.

ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 9 നാണു എരുമേലി മുണ്ടക്കയം റോഡിൽ ചരള ആനക്കൽ ഭാഗത്തുവെച്ചു അപകടം ഉണ്ടായത്. അപകടത്തിൽ എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പുതുപ്പറമ്പിൽ പ്രദീഷ് കുമാറാണ് (43) മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.
