മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരു


കോട്ടയം: മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം.

 

 കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് മരിച്ചത്.  ജന്മദിനാഘോഷത്തിനായി കൂട്ടുകാർക്കൊപ്പം പോയതായിരുന്നു. റെബേക്ക.എം.ബി.എ. ബിരുദധാരിയാണ്. മുംബൈ-വഡോദര ഹൈവേയിലെ ബദ്ലാപുരിനടുത്ത് ഈരഞ്ജാദിൽ ഞായറാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം ഉണ്ടായത്. ഇവർക്കൊപ്പം കൂടെയുണ്ടായിരുന്ന സുഹൃത്ത് അങ്കദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേരും തൽക്ഷണം മരണപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ബദ്‌ലാപുർ വെസ്റ്റിൽ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷം അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറിൽ തിരികെ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 251 കിലോമീറ്റർ ​വേ​ഗത്തിലാണ് കാർ സ‍ഞ്ചരിച്ചതെന്നാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. അമിതവേ​ഗത്തിലെത്തിയ കാർ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡിൽ മറിഞ്ഞു. നാട്ടുകാർ ചേർന്ന് വാഹനം പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റബേക്കയെയും സുഹൃത്തിനെയും രക്ഷിക്കാനായില്ല. റേച്ചൽ ആണ് റബേക്കയുടെ സഹോദരി. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11നു വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.