
കോട്ടയം: പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ചയെന്ന് പരാതി.
മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി ദമ്പതികളുടെ പരാതി. വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ.എസ് സനീഷിന്റെ ഭാര്യ കെ.ബി ഷൈനിമോള്‍ക്കാണ് മരുന്ന് മാറി ലഭിച്ചത്. പ്രസവശേഷം അയൺ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളികയാണ് ഇവർക്ക് നൽകിയത്.
മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം. 26 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. ഡിസ്ചാർജ് സമയത്ത് ഡോക്ടർ നിർദേശിച്ച അയേൺ ഗുളികയ്ക്ക് പകരം പ്രമേഹരോഗികൾക്കുള്ള മരുന്നാണ് ഫാർമസിയിൽ നിന്നും ലഭിച്ചതെന്നാണ് ദമ്പതികളുടെ പരാതി. 24 ദിവസത്തോളം ഈ ഗുളികയാണ് ഷൈനി കഴിച്ചത്.
ഇതിനിടെ സ്രീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഗുളിക മാറി നൽകിയ വിവരമറിയുന്നത്. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പരിശോധിച്ച ഡോക്ടറാണ് പിഴവ് കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ ഉത്തരവാദികളായ ഫാർമസി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിനും ഷൈനിയുടെ ഭർത്താവ് സനീഷ് പരാതി നൽകി. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.