യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര ജില്ലയിൽ ക്ലേശകരമായേക്കും, ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവ


കോട്ടയം: ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര ജില്ലയിൽ ക്ലേശകരമായേക്കും. ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല.

തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ല എന്നുള്ളതാണ് ഈ സൗജന്യ യാത്രയിൽ ജില്ലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഗ്രാമീണ മേഖലകളിലുൾപ്പടെ ഓർഡിനറി സർവ്വീസുകൾ വളരെയധികം കുറവാണ്. ഈ മേഖലയിൽ ജോലിക്കാരുൾപ്പടെ പ്രതിദിന യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. അതേസമയം കൂടുതൽ ഓർഡിനറി സർവ്വീസുകൾ നടത്താൻ ജില്ലയിൽ കെഎസ്ആർടിസി ബസ്സുകളും കുറവാണ്. സർക്കാർ പ്രഖ്യാപനം വന്നതോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ലാത്ത മേഖലകളിലേക്ക് സർവ്വീസ് എത്തിക്കാൻ നാട്ടുകാരും വിവിധ സംഘടനകളും പ്രാദേശികതലത്തിലും ജില്ലാതലത്തിലും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി സർവ്വീസ് ലഭ്യമല്ലാത്ത മേഖലകളിലേക്ക് സർവ്വീസ് എത്തിക്കാൻ ആവശ്യപ്പെട്ടു നിവേദനം നൽകാൻ ഒരുങ്ങുകയാണ് വിവിധ വനിതാ സംഘടനകൾ. ജില്ലയിൽ 332 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. 20 ശതമാനം ബസുകൾ മാത്രമാണ് നിലവിൽ ജില്ലയിൽ ഓർഡിനറി സർവ്വീസ് നടത്തുന്നത്. ഭൂരിഭാഗം ബസ്സുകളും ഫാസ്റ്റ്,സൂപ്പർ ഫാസ്റ്റ്, സർവീസുകളാണ് നടത്തുന്നത്. ഈ ബസ്സുകളിൽ നിലവിൽ അനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. കോട്ടയം–കുമരകം റൂട്ടിൽ കോണത്താറ്റ് പാലം പൊളിക്കുന്നതിനു മുൻപു വരെ 23 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ വെറും 4 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കുമരകം മേഖലയിലെ വനിതാ കൂട്ടായ്മകൾ കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകാൻ ഒരുങ്ങുകയാണ്. കോട്ടയം-അയർക്കുന്നം-പാലാ, അയർക്കുന്നം-മറ്റക്കര, കോട്ടയം-പള്ളിക്കത്തോട് ളാക്കാട്ടൂർ, ചങ്ങനാശേരി-മണർകാട്-ഏറ്റുമാനൂർ തുടങ്ങി നിരവധി റൂട്ടുകളിൽ കെഎസ്ആർടിസി ഓർഡിനറി സർവ്വീസുകൾ നടത്തുന്നില്ല. ഇതോടൊപ്പം ജില്ലയിലെ വിവിധയിടങ്ങളിലെ ഗ്രാമീണ മേഖലകളിലേക്കും ഉൾപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും കെഎസ്ആർടിസി സർവ്വീസ് വിരളമാണ്. ഈ മേഖലയിലുള്ള സ്ത്രീകൾക്കും യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഓർഡിനറി സർവ്വീസുകൾ ലഭ്യമല്ലാത്തതിനാൽ പദ്ധതിയുടെ പ്രയോജനം കൂടുതലായി ലഭ്യമാകില്ല. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കൂടുതലായി സർവ്വീസ് നടത്തുന്നത് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസ്സുകളാണ്. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം, എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടുകളിലും ഓർഡിനറി ബസ്സുകൾ കുറവാണ്. മുണ്ടക്കയം-ഇളംകാട്, മുണ്ടക്കയം-കോരുത്തോട് മേഖലകളിലും കൂടുതലും യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. യാത്രക്കാരുൾപ്പടെയുള്ള പ്രതിദിന യാത്രക്കാരായ സ്ത്രീകളുടെ യാത്ര ചെലവ് ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്ന ആശ്വാസകരമായ പദ്ധതിയാണ് ഇത്. പക്ഷെ ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം സ്ത്രീ യാത്രക്കാർക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.