തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയും ഇരട്ട ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴി തുടരുന്നതായും കേന്ദ്ര കാലാഅവസ്ഥാ വകുപ്പ് അറിയിച്ചു. ഇപ്പോൾ തീരദേശ ആന്ധ്രപ്രദേശിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്ന് തുടങ്ങി ഛത്തീസ്ഗഢ്, മറാത്ത്‌വാഡ വഴി മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി നിലകൊള്ളുന്നു. മറ്റൊരു ന്യൂനമർദപാത്തി വടക്കൻ കർണാടകയിൽ നിന്ന് തുടങ്ങി റയലസീമ, തെക്കൻ കർണാടക, തമിഴ്‌നാട് വഴി കന്യാകുമാരി പ്രദേശം വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു. ജൂൺ 28 മുതൽ ജൂലൈ 2 വരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 28-ജൂലൈ 2 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
