രാജ്യസഭ കാലാവധി അവസാനിച്ചു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു.

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് കാലാവധി പൂർത്തിയായതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു. കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ.

 

 മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാ അംഗമായിരുന്നു. 2024 ജൂണിലാണ് ജോർജ് കുര്യൻ രാജ്യസഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെയായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ജോ‍ർജ് കുര്യൻ. യുവമോർച്ച ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ പാർട്ടിയുടെ ഭാ​ഗമാണ് ജോർജ് കുര്യൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്. മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ പാർട്ടി സംഘടനാരംഗത്തേക്ക് മടങ്ങുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനു ശേഷം രാജിക്കത്ത് നൽകി.രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു.