കോട്ടയം: കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു.

ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം-പാലാ-തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ.ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ യാത്രക്കാരിയായ നീതു കണ്ടക്ടർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അതുവഴി അദ്ദേഹത്തിന്റെ വിലയേറിയ ജീവൻ രക്ഷിക്കാൻ സാധിച്ചു. നീതുവിന്റെ സമയോചിതമായ ഇടപെടൽ ആണ് ഒരു ജീവൻ രക്ഷിക്കാൻ സഹായകമായത് എന്നും നീതുവിന്റെ പ്രവർത്തി എല്ലാ ആളുകൾക്കും തികച്ചും മാതൃകാപരമാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ അഭിപ്രായപ്പെട്ടു. സഹായ മെത്രാൻ ആശുപത്രിയിൽ നേരിട്ട് എത്തുകയും അതിരൂപതയുടെയും ആശുപത്രിയുടെയും സ്നേഹ സമ്മാനം നീതുവിന് നൽകുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഫാ.ഡോ.ബിനു കുന്നത്ത്, ചീഫ് നഴ്സിംഗ് ഓഫീസർ സി.ഷിജി ജോസ്, ജോയിന്റ് ഡയറക്ടർമാർ മറ്റു സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സന്നിഹിതരായിരുന്നു.
