തിരുവഞ്ചൂർ സ്പീക്കർ സ്ഥാനത്തേക്ക്, ചാണ്ടി ഉമ്മൻ മന്ത്രിയാകും, വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ.


കോട്ടയം: വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പേര് സ്പീക്കർ സ്ഥാനത്തേക്ക് ആണ് പരിഗണിക്കുന്നത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വി.ഡി സതീശൻ മന്ത്രിസഭയിൽ അംഗമാകും.

 

 ചാണ്ടി ഉമ്മന് കായികമോ യുവജനക്ഷേമമോ വകുപ്പ് ലഭിച്ചേക്കും എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോണ്‍ഗ്രസ് മന്ത്രിമാരുടെ  അന്തിമ പട്ടിക ഇന്ന് ഉച്ചയോടെ പുറത്തുവരും. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരാകും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുക. മന്ത്രിസഭയില്‍ അംഗമാകണമെന്നു ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നൽകാനാണ് നിലവിലെ ധാരണ. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് ലഭിച്ചേക്കും.