കോട്ടയം ജില്ലയിൽ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തിൽ.


കോട്ടയം: കോട്ടയം ജില്ലയിൽ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തിൽ. കഴിഞ്ഞ അഞ്ചുവർഷമായി പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് ഹൈസ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന ഈ ബുക്ക് ഹബ്ബിൽ നിന്നാണ് ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളിലേക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

 

 910 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം 87 ശതമാനം പൂർത്തിയായി. ബുക്കുകൾ ക്രമീകരിക്കുകയും പാക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഒക്കെയും പിന്നിൽ 12 ഓളം കുടുംബശ്രീ വനിതകളുടെ അധ്വാനം ഉണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീ മിഷനും ചേർന്ന് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിക്കുന്ന വലിയ ദൗത്യമാണ് ഇവിടെ പുരോഗമിക്കുന്നത്. ബുക്ക്ഹബ്ബിലൂടെ 12 കുടുംബശ്രീ വനിതകൾക്ക് സ്ഥിരമായി തൊഴിലും അതിലൂടെ 12 കുടുംബങ്ങൾക്കുള്ള വരുമാനവും ഉറപ്പാക്കപ്പെടുന്നു. അങ്ങനെ ഓരോ പുസ്തകവും വിദ്യാർത്ഥികളുടെ കൈകളിലെത്തുമ്പോൾ പുതിയ അധ്യായന വർഷത്തിന് അറിവിന്റെ ഒരു പുതിയ തുടക്കമാണ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. നിലവിൽ 13 ശതമാനം പുസ്തകങ്ങളുടെ വിതരണം മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി ഏഴ് മുതലാണ് പുസ്തകങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് ഹൈസ്‌കൂളിലെ ബുക്ക് ഹബിൽ എത്തിച്ച് തുടങ്ങിയത്. മുൻവർഷങ്ങളിലും സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് എല്ലാവർക്കും പാഠപുസ്തകം ലഭ്യമാക്കിയിരുന്നു.