കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുന്നതിനിടെ വാഹനാപകടം; പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.


പാലാ: കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് യുവതികളാണ് അപകടത്തിൽ മരിച്ചത്.

 

 പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. കുന്ദപുരയ്ക്ക്‌ സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹം കുന്ദാപുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ച ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), ജ്യോതിയുടെ സഹോദരൻ ജ്യോതിസ് (42), ആര്യയുടെ നാല് വയസുകാരനായ മകൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലോറി ഇടിച്ചതിനെ തുടർന്ന് തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിലായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വിവിധ കരയോഗങ്ങളിൽ നിന്നുള്ള സംഘം മൂകാംബിക ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചത്. ക്ഷേത്ര ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപായി യാത്രാസംഘത്തിലെ നാൽപ്പതോളം പേർ ഞായറാഴ്ച രാവിലെ അഞ്ച് ജീപ്പുകളിലായാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. ഇവിടെ സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിലായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.