യുഡിഎഫ് മന്ത്രിസഭ: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭാ സ്പീക്കർ, ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ഇല്ല, ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായി മോൻസ് ജോസഫ്.


കോട്ടയം: യുഡിഎഫ് മന്ത്രിസഭയിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭാ സ്പീക്കറാകും.

 

 അതേസമയം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനമില്ല. അവസാനം വരെ ചാണ്ടി ഉമ്മന്റെ പേര് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള വിവരങ്ങളും വകുപ്പുകൾ ഉൾപ്പടെയുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ അവസാനം ചാണ്ടി ഉമ്മനെ ഒഴിവാക്കുകയായിരുന്നു. ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയാണ് കേരളാ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവും കടുത്തുരുത്തി എംഎൽഎ യുമായ മോൻസ് ജോസഫ്. ജലവിഭവ വകുപ്പായിരിക്കും മോൻസ് ജോസഫിന് ലഭിക്കുക എന്നാണു വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണനെയും ചാണ്ടി ഉമ്മനെയും മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയതിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. 52,907 വോട്ടുകളുടെ റെക്കോർഡ് ചരിത്രഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയ ചാണ്ടി ഉമ്മനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയിച്ചു കയറിയിട്ടും ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിച്ചില്ല എന്നുള്ള സംസാരവും നിലവിലുണ്ട്. മന്ത്രിസഭയില്‍ അംഗമാകണമെന്നു ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരമടക്കം 5 പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മുതിർന്ന നേതാവായ തിരുവഞ്ചൂർ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും അവസാനം അനുനയന ചർച്ചകളിൽ വഴങ്ങുകയായിരുന്നു. ഉയർന്ന ഭൂരിപക്ഷത്തിലുള്ള വിജയവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനെന്ന പരിഗണനയും ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. മാണി സി കാപ്പനും അനൂപ് ജേക്കബ്ബും ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം പങ്കിടുമെന്നാണ് ലഭ്യമാകുന്ന വിവരം.