കോട്ടയം: കോട്ടയം ജില്ലയിൽ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ബുക്കുകൾ ക്രമീകരിക്കുന്നതും പായ്ക്ക് ചെയ്തു വിതരണത്തിനൊരുക്കുന്നതും കുടുംബശ്രീ അംഗങ്ങൾ ആണ്.

പുതുപ്പള്ളിയിലാണ് പാഠപുസ്തകങ്ങൾ വിതരണത്തിനൊരുക്കുന്ന ബുക്ക് ഹബ്ബ്. കഴിഞ്ഞ അഞ്ചുവർഷമായി പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് ഹൈസ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന ഈ ബുക്ക് ഹബ്ബിൽ നിന്നാണ് ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളിലേക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ബുക്കുകൾ ക്രമീകരിക്കുകയും പാക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഒക്കെയും പിന്നിൽ 12 ഓളം കുടുംബശ്രീ വനിതകളുടെ അധ്വാനം ഉണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീ മിഷനും ചേർന്ന് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിക്കുന്ന വലിയ ദൗത്യമാണ് ഇവിടെ പുരോഗമിക്കുന്നത്. ഈ ബുക്ക്ഹബ്ബിലൂടെ 12 കുടുംബശ്രീ വനിതകൾക്ക് സ്ഥിരമായി തൊഴിലും അതിലൂടെ 12 കുടുംബങ്ങൾക്കുള്ള വരുമാനവും ഉറപ്പാക്കപ്പെടുന്നു. ഓരോ സ്‌കൂളുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ലിസ്റ്റ് അനുസരിച്ച് എണ്ണി തിട്ടപ്പെടുത്തി പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിനായി സജ്ജമാക്കുന്നത്.
