സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.


കോട്ടയം: അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് ദ്വീപുകൾ, കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ  ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിലേക്കും, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി ( cyclonic circulation) നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലവിലുള്ള ചക്രവാതചുഴി (cyclonic circulation) തുടരുന്നു. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതചുഴി (cyclonic circulation) നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയിൽ നിന്നും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി പ്രദേശം വഴി ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി (trough) സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. മെയ് 30 മുതൽ ജൂൺ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy rainfall) സാധ്യതയുണ്ടെന്നും മെയ് 30 മുതൽ ജൂൺ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.