തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്ററിൽ നീളുന്ന പദ്ധതി റദ്ദാക്കാൻ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചത്.

സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതിയാണ് പുതിയ യുഡിഎഫ് സർക്കാർ പൂർണ്ണമായും റദ്ദാക്കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്. പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാർക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.
