ചങ്ങനാശേരി മാടപ്പളളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരസമിതി സമരം അവസാനിപ്പിച്ചു, 'സർക്കാർ വാക്ക് പാലിച്ചു', ആഹ്ലാദം പ്രകടിപ്പിച്ച് സമരസമിതി പ്രവർത്തകർ, സമരം അ


ചങ്ങനാശ്ശേരി: യുഡിഎഫ് സർക്കാർ തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചതായി ചങ്ങനാശേരി മാടപ്പളളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങൾ.

 

 സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്ത സമ്മേളനത്തിൽ പറഞ്ഞതോടെ അത്യധികം സന്തോഷത്തിലായിരുന്നു ചങ്ങനാശേരി മാടപ്പളളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും നാട്ടുകാരും. ഇതോടെ 1490 ദിവസത്തെ സമരത്തിനാണ് അവസാനമായത്. സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷവും ആശ്വാസവുമുണ്ടെന്നു ജനങ്ങൾ പറഞ്ഞു. ആഹ്ലാദം പ്രകടിപ്പിച്ച് സമരക്കാർ മധുരം വിതരണം ചെയ്തു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കിയ സർക്കാർ തീരുമാനം ചങ്ങനാശ്ശേരിയെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷമാണ് എന്ന് ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയപ്പോൾ മാടപ്പള്ളി ജനതയോട് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്നും മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം തിരുവനന്തപുരത്ത് കണ്ടോൺമെൻറ് ഹൗസിൽ എത്തി ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു എന്നും വിനു ജോബ് മാധ്യമങ്ങളോട് പറഞ്ഞു. മാടപ്പള്ളിയിലെ നിർദ്ദിഷ്ട കെ റെയിൽ പാത കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക നേരിട്ട് ബോധ്യപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രശ്നം ഉയർത്തി കാട്ടുവാൻ ശ്രമിച്ചിരുന്നു. എം എൽ എ എന്ന നിലയിൽ ആദ്യമായി ഇടപ്പെട്ട വിഷയത്തിൽ വിജയം കാണാൻ കഴിഞ്ഞത് മുന്നോട്ടുള്ള യാത്രയിൽ ധൈര്യവും ആത്മവിശ്വാസവും നൽകുന്ന ഒന്നായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്ത് വന്നാലും കെ-റെയിൽ വരുമെന്ന് പറഞ്ഞ പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞതും ഇപ്പോൾ പദ്ധതി റദ്ധാക്കിയതും മൂലം മേഖലയിലെ ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണ് തിരികെ ലഭിച്ചിരിക്കുന്നതെന്നും റോസ്ലിൻ പറഞ്ഞു.