ചങ്ങനാശ്ശേരി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ പൂർണ്ണമായും റദ്ദാക്കിയതോടെ അവസാനമായത് ചങ്ങനാശ്ശേരി മടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമര പന്തലിലെ 1490 ദിവസത്തെ സമരത്തിനാണ്.

മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്ററിൽ നീളുന്ന പദ്ധതി റദ്ദാക്കാൻ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചത്. ഇതോടെ ആഹ്ലാദത്തിലായത് മാടപ്പള്ളിയിലെ സാധാരണക്കാരായ ജനങ്ങളും അവർക്കൊപ്പം നിന്നവരുമാണ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ നടന്ന സമരങ്ങളിൽ മടപ്പള്ളിയിലെ സമര പന്തൽ സന്ദർശിച്ചു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന്. ആ വാക്കാണ് ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 3 തവണയാണ് വി.ഡി.സതീശൻ സമരപന്തലിലെത്തിയത്. സമരത്തിന്റെ 500–ാം ദിവസവും മടപ്പള്ളിയിലെ സമരപന്തലിലെത്തിയ വി.ഡി.സതീശൻ പദ്ധതി റദ്ദാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ട് വാക്കു പറഞ്ഞാൽ പാലിക്കുന്ന ഒരു മുഖ്യമന്ത്രിയെ നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചതിലെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.
.png)