മുഖ്യമന്ത്രി ചർച്ച; കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ വിവിധയിടങ്ങളിൽ പ്രതിഷേധ


കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ്.

 

 കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് പലപക്ഷത്തുള്ള പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങളുടെ രംഗത്ത് എത്തിയിരിക്കുന്നത്. വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. കുറുപ്പന്തറയിൽ ഒരു പെട്ടി ഓട്ടോറിക്ഷയുടെ മുകളിൽ കയറി നിന്നായിരുന്നു കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. വി ഡി സതീശന് വേണ്ടിയും കെ സി വേണുഗോപാലിനെ അനുകൂലിച്ചും വിവിധയിടങ്ങളിൽ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ജില്ലയിലുണ്ട്. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. കോട്ടയം ജില്ലയിൽ വിഡി സതീശന് വേണ്ടി ഗ്രൂപ്പുകൾ തമ്മിലുള്ള പോര് ശക്തമാകുകയാണ്. നേതാക്കളും പ്രവർത്തകരും ഇപ്പോൾ മൂന്നു പക്ഷത്താണ്. വി ഡി സതീശനെ അനുകൂലിക്കുന്നവരും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരും രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എംഎൽഎമാരിൽ പലരും പലപക്ഷത്താണ്‌. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകള്‍ തുടരുന്നതിനിടെ നേതാക്കള്‍ നാളെ ദില്ലിയിലേക്ക് പോകും. രമേശ് ചെന്നിത്തലയും, വിഡി സതീശനും സണ്ണി ജോസഫും ദില്ലിയിലേക്ക് തിരിക്കും. എഐസിസിയാണ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.

Next
This is the most recent post.
Previous
Older Post