കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട 13 പേരും ഉൾപ്പെടുന്നു.
