കോട്ടയം: വെന്തുരുകി വിയർത്തു കുളിക്കുന്ന കോട്ടയത്തിനാശ്വാസമായി വേനൽ മഴ എത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പകലും രാത്രിയിലും ജില്ലയിൽ താപനില ഉയർന്നു നിൽക്കുകയാണ്. പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധമുള്ള ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ജില്ലയിൽ താപനില ഉയരാനുള്ള സാധ്യത മുൻനിർത്തി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരാനുള്ള സാധ്യതയിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ഉയരുന്നതിനൊപ്പം ജില്ലയിൽ അൾട്രാ വയലറ്റ് തോതും ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഭൂരിഭാഗം മേഖലകളിലും വേനൽ മഴ ലഭിച്ചിട്ടില്ല.
