കോട്ടയം: എറണാകുളം മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാനായി രാസലഹരി വിഴുങ്ങിയ യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പൊലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്. ലഹരി വിഴുങ്ങിയതോടെ അവശനിലയിലായ യുവാവിനെ പോലീസ് ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
