പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ.


എരുമേലി: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. എലിവാലിക്കര മണ്ണാല വീട്ടിൽ സുനിലിന്റെയും അശ്വതിയുടെയും മകൻ സുജിത് (36) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 

 സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.  ഇടകടത്തി അറയാഞ്ഞിലിമണ്ണ് പമ്പാ നദിയിലുള്ള കയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സുജിത്. ഉടനെ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ അഗ്നിരക്ഷാ സേന ഊർജ്ജിതമായി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ഇടകടത്തി വേന്തൻ കയത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.