കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ. 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും നിധിന്‍ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, രോഹിത് വെമൂല ആക്ട് നടപ്പിലാക്കുക, നിധിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ദുരൂഹതകള്‍ മരണത്തിലുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളും പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. കട കമ്പോളങ്ങള്‍ അടച്ച് വ്യാപാരികള്‍ സഹകരിക്കണമെന്ന് സുനില്‍ കൊയിലേരിയന്‍ പറഞ്ഞു.
