കനത്ത ചൂടിൽ വാടിത്തളർന്നു വ്യാപാര മേഖല, പകൽ വ്യാപാര മേഖല നിശ്ചലമാകുന്നു, ഓട്ടമില്ലാതെ ഓട്ടോ-ടാക്സി മേഖലയും പ്രതിസന്ധിയിൽ.


കോട്ടയം: കൊടും ചൂടിൽ വെന്തുരുകി വിയർത്തു കുളിക്കുകയാണ് കോട്ടയം. ജില്ലയിൽ അതിശക്തമായ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടിയതോടെ ഇപ്പോൾ വ്യാപാര മേഖലകളും വാടിത്തളർന്നിരിക്കുകയാണ്.

 

 ചൂട് കൂടുതലായതിനാൽ പകൽ സമയം സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ ചുരുക്കമാണെന്നു വ്യാപാരികൾ പറയുന്നു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള വെയിലേൽക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അത്യാവശ്യമുള്ളവർ മാത്രമാണ് ഇ സമയങ്ങളിൽ പുറത്തിറങ്ങുന്നതും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നതും. ഇപ്പോൾ ഭൂരിഭാഗം പേരും രാവിലെ 10 മണിയോടെ സാധനങ്ങൾ വാങ്ങി മടങ്ങും. പിന്നീടുള്ളവർ വൈകിട്ട് 5 മണിക്ക് ശേഷമാണ് എത്തുന്നത്. ഇപ്പോൾ ഈ സമയങ്ങളിൽ മാത്രമാണ് കൂടുതൽ വ്യാപാരമുള്ളതെന്നും വ്യാപാരികൾ പറയുന്നു. സാധനങ്ങളുടെ വിൽപ്പന വളരെ കുറഞ്ഞതായും കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. കച്ചവടം കുറഞ്ഞതോടെ വ്യാപാരികളും പരുങ്ങലിലാണ്. ചൂട് കൂടിയതോടെ സ്റ്റാൻഡിൽ കിടക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പറയുന്നു. ചൂട് കാരണം പകൽ ഓട്ടം കുറവാണ്. സ്റ്റാൻഡിൽ തണലില്ലാത്തതിനാൽ വാഹനത്തിനകത്ത് ഇരിക്കാനാവാത്ത വിധം ചൂടാണ് എന്ന് ഡ്രൈവർമാർ പറയുന്നു.