വൈക്കം: വൈക്കത്തെ കര്‍ഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജൈവകർഷകൻ ഉല്ലല പുളിക്കാശേരിൽ കെ.ചെല്ലപ്പന്റെ (65) ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു കുടുംബം രംഗത്ത്. വോക്കറിന്റെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന ചെല്ലപ്പൻ സ്വയം ജീവനൊടുക്കിയത് എങ്ങനെ എന്ന് സംശയമുണ്ടെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മക്കൾ പറഞ്ഞു.

വൈക്കത്തെ സിപിഐക്കെതിരെയും പ്രാദേശിക നേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവെച്ച കർഷകനെ കഴിഞ്ഞ ദിവസം വൈക്കം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകനായ ചെല്ലപ്പൻ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു. കൃഷിക്കാരനായ തന്നെ നേതാക്കൾ വഞ്ചിക്കുകയായിരുന്നു എന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വിഡിയോയിൽ പറയുന്നു.

കുടുംബവും ഇപ്പോൾ ഭേതിയിലാണ് അച്ഛന്റെ മരണത്തിനുത്തരവാദികളായവർ തങ്ങളെയും ഇല്ലാതാക്കുമെന്ന് പേടിയുണ്ടെന്നും മകൻ ദീപു പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നു പരാതി എഴുതി നൽകിയിട്ടും പോലീസ് വിളിപ്പിച്ചില്ലെന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് പുറത്തു വിട്ടില്ലെന്നും അത് ലഭിക്കണമെന്നും മകൻ പറഞ്ഞു. സംഭവത്തിൽ വൈക്കം അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ ഇ.കെ.സോൾജിമോൻ പറഞ്ഞു. വൈക്കത്ത് സിപിഐ ഓഫീസിൽ ദാരുണമായി ആത്മഹത്യ ചെയ്ത കർഷകൻ ചെല്ലപ്പന്റെ വീട് സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. പതിനാറ് ലക്ഷം രൂപയുടെ കടബാധ്യതയും വീട് ജപ്തി ഭീഷണിയുമുള്ള ആ കുടുംബം ഈ മരണത്തിന് ശേഷവും കടുത്ത ഭയത്തിലും ആശങ്കയിലുമാണ് കഴിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സിപിഐ പ്രാദേശിക നേതാക്കൾ തന്റെ ഉപജീവനമാർഗം നശിപ്പിച്ചുവെന്നും, കൃഷിമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും അദ്ദേഹം തന്നെ മരണത്തിന് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. കർഷകന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും ഭരണകൂടത്തിന്റെ അവഗണന തുടരുന്ന സാഹചര്യത്തിൽ ഈ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ് എന്ന് കെ സി പറഞ്ഞു. ആരോപണമുനയിൽ സർക്കാരിന്റെ പ്രധാന സഖ്യകക്ഷി തന്നെ നിൽക്കുമ്പോൾ നീതിപൂർവമായ അന്വേഷണം നടക്കാനിടയില്ലെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിൽ നിലവിലെ പൊലീസ് അന്വേഷണം ഒട്ടും തൃപ്തികരമല്ല. ഈ ദാരുണ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കൃത്യവും ഗൗരവതരവുമായ അന്വേഷണം നടത്താൻ തയ്യാറാകണം. കർഷക കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഹരിക്കാൻ തയ്യാറാകാത്ത ഭരണകൂടത്തിനെതിരെ ചെല്ലപ്പന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു.
