കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. രാവിലെ തന്നെ വോട്ടെടുപ്പിന് ആവേശകരമായ പ്രതികരണമാണ് ജില്ലയിൽ നിന്നുമുണ്ടാകുന്നത്. മോക് പോളിന് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട 13 പേരും ഉൾപ്പെടുന്നു. ജില്ലയിൽ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പുദിവസം രാവിലെ മോക്‌പോളിംഗ് ആരംഭിക്കുന്നതു മുതൽ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള ക്രമീകരണമാണുള്ളത്. ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഒന്നുവീതം പിങ്ക് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരും സുരക്ഷാ ചുമതലയുള്ളവരും ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
