അതീവ ജാഗ്രത വേണം! കോട്ടയം ജില്ലയിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യത, അൾട്രാ വയലറ്റ് തോത് അപകടനിലയിൽ, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: കോട്ടയം ജില്ലയിൽ കടുത്ത ചൂട് തുടരുന്നു. ദിവസങ്ങളായി തുടരുന്ന അതിശക്തമായ കനത്ത ചൂടിന് ഇന്നും ശമനമില്ല. കോട്ടയം ജില്ലയിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം ജില്ലയിൽ അൾട്രാ വയലറ്റ് തോത് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്. ജില്ലയിൽ യു വി തോത് 8 ൽ ആണ് എത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന സൂചികയാണ് ഇത്. യു വി തോത് അപകടകരമായ നിലയിൽ ഉയർന്നതിനാൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.