കോട്ടയം: കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 4˚C വരെ താപനില കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

